02:29am 13 November 2026
NEWS
കേര അഗ്രി നെക്സ്റ്റ് സമ്മിറ്റ് കാർഷിക നവീകരണത്തിന് ദിശാബോധമേകി സ്റ്റാർട്ടപ്പുകൾ
20/02/2026  05:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേര അഗ്രി നെക്സ്റ്റ് സമ്മിറ്റ് കാർഷിക നവീകരണത്തിന് ദിശാബോധമേകി സ്റ്റാർട്ടപ്പുകൾ
HIGHLIGHTS

ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ കൊച്ചിയിൽ നടത്തിയ അഗ്രി നെക്സ്റ്റ് സമ്മിറ്റ്-2026 കാർഷികോല്പാദന കമ്മീഷണർ ഡോ.ബി.അശോക് ഉദ്‌ഘാടനം ചെയ്യുന്നു. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക, ലോക ബാങ്ക് പ്രതിനിധി അസബ് ഫിഷ മെക്കോന്നെൻ എന്നിവർ സമീപം.

കൊച്ചി: സംസ്ഥാനത്ത് കാലാവസ്ഥാനുസൃത കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകരുടെയും കർഷക സംരംഭകരുടെയും വരുമാനം വർധിപ്പിക്കുന്നതിനായുള്ള പ്രായോഗിക മാർഗദർശനം നല്കുന്നതിനുമായി കൊച്ചിയിൽ നടത്തിയ കേര അഗ്രിനെക്സ്റ്റ് സമ്മിറ്റ്-2026 നൂതനാശയങ്ങളും പുതു നിർദ്ദേശങ്ങളും കൊണ്ട് സമ്പന്നമായി. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന 'കേര' പദ്ധതിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സമ്മിറ്റിൽ ഉയർന്നു വന്ന നൂതന ആശയങ്ങൾ പ്രൊഡക്ടുകളാക്കി മാറ്റി കൃഷിയിടങ്ങളിൽ ട്രയൽ റൺ നടത്തുന്നതിനായുള്ള സാങ്കേതിക സഹകരണ കരാറുകളിൽ അമ്പതോളം കർഷകരും സ്റ്റാർട്ടപ്പ് പ്രതിനിധികളും ഒപ്പുവെച്ചു.നാല് മേഖലാ തലങ്ങളിൽ നടത്തിയ ശില്പശാലകളിൽ നിന്നും ഉയർന്നു വന്ന കർഷക പ്രശ്നങ്ങൾ പരിഹരിക്കാനുതകുന്ന ആശയങ്ങളെ ക്രോഡീകരിക്കുന്നതിനായാണ് കർഷകരും കർഷക സംരംഭകരും ഉൾപ്പെടെയുള്ള ആയിരത്തോളം പേർ സമ്മിറ്റിൽ പങ്കെടുത്തത്. കർഷകർ നേരിടുന്ന പ്രശ്ങ്ങൾക്ക് പരിഹാരമായുള്ള ആശയങ്ങൾ അവതരിപ്പിച്ച 70 ഓളം സ്റ്റാർട്ടപ്പുകളുടെ പ്രദർശനം ശ്രദ്ധേയമായി. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിർദ്ദേശങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിടങ്ങളിൽ ട്രയൽ റൺ നടത്തും. കർഷകർക്കും, കർഷക സംരംഭകർക്കും കൂടുതൽ സ്വീകാര്യത ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് അവരുടെ  ആശയം പ്രാവർത്തികമാക്കുന്നതിനു കേര പദ്ധതി പ്രകാരം 25 ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കും. കർഷകരെയും നൂതന സാങ്കേതികവിദ്യാ ദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന സമ്മിറ്റിൽ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള വിള നിരീക്ഷണം, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ഫാമിംഗ്, നൂതന കാർഷിക യന്ത്രവൽക്കരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട സഹകരണങ്ങളാണ് പ്രധാനമായും രൂപപ്പെട്ടത്. 

സർക്കാർ-സ്വകാര്യ-കർഷക പങ്കാളിത്തത്തിന് ശക്തമായ അടിത്തറയിട്ട സമ്മിറ്റ് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബികയുടെ അധ്യക്ഷതയിൽ കാർഷികോൽപ്പാദന കമ്മീഷണർ ഡോ.ബി.അശോക് ഉദ്ഘാടനം ചെയ്തു. കേര പ്രോജെക്ട് ലോകബാങ്ക് ടീം ലീഡർ അസബ് ഫിഷ മെക്കോന്നെൻ മുഖ്യ പ്രഭാഷണം നടത്തി. ഐ.ടി. സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു, കണ്ടിന്യുമാർ കോഫൗണ്ടർ സുനു തോമസ്, ജിയോജിത് സി.എസ്.എസ് (കുസാറ്റ്) സി.ഇ.ഓ. ജോസഫ് മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ സെഷനുകളിലായി നടന്ന ചർച്ചകളിൽ സുരേഷ് സി തമ്പി (കേര പ്രൊക്യൂർമെൻറ് ഓഫീസർ), വിനീത ജോസഫ് (സീനിയർ ടെക്നോളജി ഫെല്ലോ), ഫിലിപ്പ് ജി.കാനാട്ട് (റിട്ട.കൃഷി അസിസ്റ്റന്റ് ഡയറക്ടർ), വാണി. വി (ജൈവ കർഷക) തുടങ്ങിയവർ സംസാരിച്ചു.  ഒപ്പുവെച്ച കരാറുകളുടെ പുരോഗതി നിരീക്ഷിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷന്റെയും കേരയുടെയും നേതൃത്വത്തിൽ കൃത്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് കേര പ്രൊജക്റ്റ് ഡയരക്ടർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img